സുഡാനിയിലൂടെ മനസ്സ് നിറച്ച ഉമ്മമാർ വീണ്ടും എത്തുന്നു; ചിരിയും ചിന്തയുമുണർത്താൻ ഡാകിനി ഒരുങ്ങുന്നു…

Advertisement

നിരവധി സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം ഒറ്റമുറി വെളിച്ചതിനു ശേഷം സംവിധായകൻ രാഹുൽ റെജി നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഡാകിനി എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ നിർമാതാക്കളാണ് ഈ ചിത്രവും ഒരുക്കുന്നത്. നിർമ്മാതാവായ സന്ദീപ് സേനൻ, അനീഷ് തോമസ് എന്നിവർക്കൊപ്പം യൂണിവേഴ്സിൽ സിനിമാസിനുവേണ്ടി ബി രാജേഷും ചിത്രം നിർമ്മിക്കുന്നു. ചിരിക്കും ചിന്തയ്ക്കും പ്രാധാന്യം നൽകിയ ചിത്രത്തിൽ നായകന്മാരായി എത്തുന്നത് സുരാജ് വെഞ്ഞാറമൂടും ചെമ്പൻ വിനോദമാണ്. ഈ വർഷം പുറത്തിറങ്ങി വലിയ പ്രേക്ഷകപ്രീതിയും നിരൂപണവും കരസ്ഥമാക്കിയ ചിത്രം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ ചിരി പടർത്തിയ ഉമ്മമാരും ഈ ചിത്രത്തിലൂടെ വീണ്ടുമെത്തുന്നു. ബാലുശ്ശേരി സരസ, ശ്രീലത ശ്രീധരൻ തുടങ്ങിയവരാണ് ചിത്രത്തിൽ വേഷം അവതരിപ്പിച്ചിരുന്നത്. ഡാകിനിയിൽ ഇവർ ഒരു മുഴുനീള വേഷത്തിൽ രസിപ്പിക്കാൻ എത്തും. സംസ്ഥാന അവാർഡ് ജേതാവ് ഇന്ദ്രൻസ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ സംവിധായകൻ രാഹുൽ റെജി നായർ തന്നെയാണ് ഡാകിനിക്ക് വേണ്ടി തിരക്കഥ രചിക്കുന്നത്. ഉർവശി തിയേറ്റേഴ്സ് നിർമ്മിച്ച മുൻചിത്രമായ തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച നിരൂപകപ്രശംസയും കളക്ഷനും നേടിയിരുന്നു. ചിത്രം ഈ വർഷത്തെ ദേശീയ അവാർഡും കരസ്ഥമാക്കിയിരുന്നു. അവാർഡ് ജേതാക്കൾ ഒന്നിക്കുന്ന ചിത്രമായതിനാൽ തന്നെ ചിരിക്കും ചിന്തയ്ക്കും പ്രാധാന്യം നൽകുന്ന ഒരു മികച്ച ചിത്രമായിരിക്കും അണിയറയിൽ ഒരുങ്ങുന്നത് എന്നു പ്രതീക്ഷിക്കാം. മികച്ച ചിത്രസംയോജകനുള്ള അവാർഡ് നേടിയ അപ്പു ഭട്ടതിരിയാണ് ഈ ചിത്രത്തിന് വേണ്ടിയും എഡിറ്റിങ് നിർവഹിക്കുന്നത്. അലക്‌സ് ജെ പുളിക്കൽ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കും. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. ചിത്രം ഫ്രൈഡേ ഫിലിംസ് വിതരണത്തിന് എത്തിക്കും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close