റെക്കോർഡ് വേട്ടക്ക് അവസാനമില്ല; യൂട്യുബിലും ചരിത്ര നേട്ടവുമായി പുലിമുരുകൻ..!

Advertisement

മലയാള സിനിമയിലെ ഇപ്പോഴത്തെ ഇൻഡസ്ട്രി ഹിറ്റ് ചിത്രമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ പുലിമുരുകൻ. ഉദയ കൃഷ്ണ രചിച്ചു വൈശാഖ് സംവിധാനം ചെയ്ത ഈ മാസ്സ് ചിത്രം നാലു വർഷം മുൻപ് ഒരു ഒക്ടോബർ മാസത്തിലാണ് റിലീസ് ചെയ്തത്. ആദ്യമായി നൂറു കോടി രൂപയുടെ തീയേറ്റർ കളക്ഷൻ നേടുന്ന മലയാള ചിത്രമായി മാറിയ പുലി മുരുകന്റെ ഫൈനൽ ഗ്രോസ് 140 കോടി രൂപയ്ക്കു മുകളിലാണ്. കേരളത്തിൽ 86 കോടിയോളം രൂപ കളക്ഷൻ നേടിയ ഈ ചിത്രം 39 കോടിയോളമാണ് വിദേശത്തു നിന്നും നേടിയത്. ആ റെക്കോർഡ് പിന്നീട് മോഹൻലാലിന്റെ തന്നെ ലൂസിഫർ 50 കോടിക്ക് മുകളിൽ വിദേശത്തു നിന്ന് നേടി തകർത്തിരുന്നു. എന്നാൽ തമിഴിലും തെലുങ്കിലും ഡബ്ബ് ചെയ്തു പ്രദർശിപ്പിച്ചപ്പോൾ തമിഴ് നാട്ടിലും, ആന്ധ്രയിലും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം എന്ന റെക്കോർഡ് ഇപ്പോഴും പുലിമുരുകന് സ്വന്തമാണ്. അതോടൊപ്പം തന്നെ പുലിമുരുകന്റെ ഹിന്ദി ഡബ്ബിങ് പതിപ്പ് ഇപ്പോൾ റെക്കോർഡുകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. യൂട്യൂബിൽ റിലീസ് ചെയ്ത പുലിമുരുകന്റെ ഹിന്ദി ഡബ്ബിങ് പതിപ്പിന്റെ പേര് ഷേർ കാ ശിക്കാർ എന്നാണ്.

ഈ ഹിന്ദി പതിപ്പിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത് 70 മില്യൺ അഥവാ 7 കോടി കാഴ്ചക്കാരെയാണ്. ഒരു മലയാളം സിനിമയുടെ ഹിന്ദി ഡബ്ബിങ് പതിപ്പിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന യൂട്യൂബ് വ്യൂസ് ആണ് പുലി മുരുകൻ നേടിയത്. മോഹൻലാൽ ചിത്രങ്ങളുടെ ഹിന്ദി ഡബ്ബിങ് പതിപ്പിന് വലിയ സ്വീകരണമാണ് യൂട്യൂബിൽ നിന്ന് ലഭിക്കുന്നത്. മോഹൻലാൽ നായകനായ വില്ലൻ, ലൂസിഫർ തുടങ്ങിയ ചിത്രങ്ങൾക്കും കോടിക്കണക്കിനു കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. കോൻ ഹൈ വില്ലൻ എന്ന പേരിൽ യൂട്യൂബിൽ വന്ന വില്ലൻ ഹിന്ദി പതിപ്പിന് ഇതിനോടകം നാല് കോടി എൺപതുലക്ഷം കാഴ്ചക്കാരെ ലഭിച്ചപ്പോൾ കുറച്ചു മാസങ്ങൾക്കു മുൻപ് മാത്രം യൂട്യൂബിൽ റിലീസ് ചെയ്ത ലൂസിഫർ ഹിന്ദി പതിപ്പിനും ഏകദേശം അര കോടിയോളം കാഴ്ചക്കാർ ഇതിനോടകം ലഭിച്ചു കഴിഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close