Wednesday, October 17

മലയാളത്തിൽ അരങ്ങ് വാഴാനൊരുങ്ങി പൃഥ്വിരാജ്; റിലീസിനൊരുങ്ങുന്നത് ഒരു പിടി നല്ല ചിത്രങ്ങൾ

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഒരു പിടി നല്ല ചിത്രങ്ങളുമായി തിരക്കിലാണ് മലയാളത്തിൻെറ സ്വന്തം താരമായ പൃഥ്വിരാജ്.
പൃഥ്വിരാജ് നായകനായെത്തുന്ന നിരവധി മലയാളം ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. പ്രദീപിന്റെ സംവിധാനത്തിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ‘വിമാനം’ ആണ് ഇതിൽ ആദ്യത്തെ ചിത്രം. റോഷ്‌നി ദിനകർ സംവിധാനം ചെയ്യുന്ന ‘മൈസ്റ്റോറി’ ആണ് മറ്റൊരു ചിത്രം. നിർമ്മൽ സഹദേവ് സംവിധാനം ചെയ്യുന്ന ‘രണം’, അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയും പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

നവാഗത സംവിധായകൻ പ്രദീപ് എം നായർ സംവിധാനം ചെയ്‌ത്‌ മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രമാണ് ‘വിമാനം’. തൊടുപുഴ സ്വദേശിയായ സജി തോമസ് എന്ന ആളുടെ യഥാര്‍ത്ഥ ജീവിതകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. വിമാനം നിർമ്മിക്കുക എന്നത് ജന്മനാ ബധിരനും മൂകനുമായ സജിയുടെ ഏറ്റവും വലിയ ആഗ്രഹമാണ്. ഒടുവിൽ തന്റെ കഴിവ് കൊണ്ട് ഇദ്ദേഹം വിമാനം നിർമ്മിക്കുന്നതും അതിനിടയിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രം ഉടനെ തന്നെ തിയറ്ററുകളിലെത്തും. പൃഥ്വിയുടെ നായികയായി പുതുമുഖ നടി ദുര്‍ഗ കൃഷ്ണയാണ് അഭിനയിക്കുന്നത്. നെടുമുടി വേണു, പി ബാലചന്ദ്രന്‍, ശാന്തി കൃഷ്ണ, സുധീര്‍ കരമന എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എന്ന് നിന്റെ മൊയ്‌ദീന് ശേഷം പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന ചിത്രമാണ് ‘മൈസ്റ്റോറി’. നവാഗതയായ റോഷ്‌നി ദിനകരാണ് ചിത്രത്തിന്റെ സംവിധാനം. പ്രണയത്തിന് പ്രാധാന്യം നല്‍കിയാണ് റോഷ്നി തന്റെ ആദ്യ സംവിധാന സംരംഭം ഒരുക്കുന്നത്. മനോജ് കെ ജയന്‍, മണിയന്‍പിള്ള രാജു എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. കോളിവുഡ് യുവതാരം ഗണേഷ് വെങ്കട്ടറാമും ഒരു പ്രധാന വേഷത്തിലെത്തുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ രചിച്ച മൈസ്റ്റോറിക്ക് ഷാന്‍ റഹ്മാന്‍ ആണ് സംഗീതം ഒരുക്കുന്നത്. പൃഥ്വിയും പാർവതിയും ഒന്നിക്കുന്ന ഈ പ്രണയചിത്രത്തിനായി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

Anjali Menon Prithviraj Parvathi menon Nazriya Nazim Movie Stills

‘ഇവിടെ’ ചിത്രത്തിനു ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ക്രോസ്-ഓവര്‍ സിനിമയാണ് ‘രണം’.നേരത്തേ അനൗണ്‍സ് ചെയ്‌ത ‘ഡെട്രോയിറ്റ് ക്രോസിംഗ്’ എന്ന ചിത്രമാണ് പിന്നീട് ‘രണം’ എന്ന് പേര് മാറ്റിയത്. യുഎസ് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. യെസ് സിനിമാസിന്റെ ബാനറില്‍ ആനന്ദ് പയ്യന്നൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇഷ തൽവാർ ആണ് നായിക. അമ്മ വേഷത്തിലാണ് ഇഷ ഈ ചിത്രത്തിലെത്തുന്നത്. മമ്ംത മോഹന്‍ദാസിനെയാണ് നായികാവേഷത്തിൽ ആദ്യം പരിഗണിച്ചിരുന്നെങ്കിലും മംമ്ത പിന്മാറിയതോടെ ഇഷയ്ക്ക് അവസരം ലഭിക്കുകയായിരുന്നു. ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ പശ്ചാത്തലത്തില്‍ ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

ബാംഗ്ലൂർ ഡേയ്സിന് ശേഷം അഞ്ജലി മേനോൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഇനിയും പേരിടാത്ത ചിത്രമാണ് മറ്റൊന്ന്. പാർവതിയാണ് നായിക. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിന്ന നസ്രിയ മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. ഒരു സഹോദരനായും കാമുകനായുമുള്ള ഈ കഥാപാത്രത്തിന്റെ വ്യത്യസ്ത ജീവിതഘട്ടങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക. അതുൽ കുൽക്കർണി, റോഷൻ മാത്യു, സിദ്ധാർത്ഥ് മേനോൻ, മാലാ പാർവതി, വിജയരാഘവൻ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പറവയുടെ ഛായാഗ്രഹണം നിർവഹിച്ച ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത്.

കൈനിറയെ ചിത്രങ്ങളുമായി പൃഥ്വിരാജ് മലയാളത്തിൽ അരങ്ങ് വാഴാൻ ഒരുങ്ങുകയാണ്. ഷൂട്ടിംഗ് പുരോഗമിക്കുന്ന മിക്ക ചിത്രങ്ങളും അടുത്തവർഷത്തോടെ തിയറ്ററുകളിൽ എത്തുമെന്നാണ് സൂചന. പ്രമേയം കൊണ്ട് വ്യത്യസ്തമായ ചിത്രങ്ങളായതുകൊണ്ടുതന്നെ ആരാധകരും ഇവയ്ക്ക് വേണ്ടി കാത്തിരിപ്പിലാണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author

mm