പേര് മാറ്റില്ല, സിനിമ പുറത്തിറങ്ങിയശേഷം മത വികാരം വ്രണപ്പെട്ടാല്‍ ഏത് ശിക്ഷ നേരിടാനും തയ്യാറെന്നു നാദിർഷ..!

Advertisement

മലയാളത്തിലെ പ്രശസ്ത നടനും സംവിധായകനുമാണ് നാദിർഷ. മിമിക്രി വേദികളിൽ നിന്നും മിനി സ്‌ക്രീനിൽ നിന്നും സിനിമയിൽ എത്തിയ നാദിർഷ പാരഡി ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയെടുത്ത മികച്ച ഗായകനുമാണ്. അതിനു ശേഷം സിനിമകളിൽ വരെ പിന്നണി പാടിയ ഈ താരം ആറു വർഷം മുൻപ് സംവിധായകനായും അരങ്ങേറ്റം കുറിച്ചു. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ മൾട്ടിസ്റ്റാർ ചിത്രം അമർ അക്ബർ അന്തോണി ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. അതിനു ശേഷം കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സൂപ്പർ ഹിറ്റിലൂടെ സൂപ്പർ ഹിറ്റ് സംവിധായകൻ എന്ന പേര് അരക്കിട്ടുറപ്പിച്ച നാദിർഷ അതിനു ശേഷം ചെയ്തത് മേരാ നാം ഷാജി എന്ന ചിത്രമാണ്. എന്നാൽ തന്റെ മുൻകാല ചിത്രങ്ങളെ പോലെ ഒരു വമ്പൻ വിജയത്തിലേക്ക് ഈ ചിത്രത്തെ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഇപ്പോഴിതാ രണ്ടു പുതിയ ചിത്രങ്ങളുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ് നാദിർഷ. ഒന്ന് ജനപ്രിയ നായകൻ ദിലീപ്, ഉർവശി എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി അഭിനയിക്കുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രവും, മറ്റൊന്ന് ജയസൂര്യ നായകനായി എത്തുന്ന ഈശോ എന്ന ചിത്രവുമാണ്.

എന്നാൽ ഈശോ- നോട് ഫ്രം ദി ബൈബിൾ എന്ന പേര് ഈ ചിത്രത്തെ വിവാദങ്ങളിൽ കൊണ്ട് ചെന്ന് ചാടിച്ചിരിക്കുകയാണ്. ഈ പേര് ക്രിസ്ത്യന്‍ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന ചില ക്രിസ്ത്യന്‍ സംഘടനകളുടെയും വൈദികരുടെയും വിമര്‍ശനം ഉയർന്നു വന്നിരുന്നു. ഇപ്പോൾ അതിനു വിശദീകരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് സംവിധായകൻ. സിനിമയുടെ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ്ലൈന്‍ മാറ്റുമെന്നും പക്ഷെ പേര് മാറ്റില്ല എന്നും അദ്ദേഹം പറഞ്ഞു. താന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഇത് വ്യക്തമാക്കി അദ്ദേഹം ഇട്ട ഫേസ്ബുക് കുറിപ്പ് ഇപ്രകാരം, എന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക്. ഞാൻ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവർ അറിയാൻ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം not from the bible എന്ന ടാഗ്line മാത്രം മാറ്റും. അല്ലാതെ തൽക്കാലം ഈശോ എന്ന ടൈറ്റിലും, കേശു ഈ വീടിന്റെ നാഥൻ എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല . എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ മനസ്സുള്ള ഒരു കലാകാരൻ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും, വ്രണപ്പെടുത്താനും തക്ക സംസ്കാര ശൂന്യനല്ല ഞാൻ . കേശു ഈ വീടിന്റെ നാഥൻ ഈശോ എന്നീ സിനിമകൾ ഇറങ്ങിയ ശേഷം ആ സിനിമയിൽ ഏതെങ്കിലും തരത്തിൽ മത വികാരം വ്രണപ്പെടുന്നുവെങ്കിൽ നിങ്ങൾ പറയുന്ന ഏതു ശിക്ഷക്കും ഞാൻ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close