തൂവാനത്തുമ്പികളുടെ റീയൂണിയൻ; വീണ്ടും ജയകൃഷ്ണനും ക്ലാരയും രാധയും കണ്ടുമുട്ടിയപ്പോൾ

Advertisement

അന്തരിച്ചു പോയ പ്രശസ്ത രചയിതാവും സംവിധായകനും ആയ പി പദ്മരാജന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാൽ നായകനായി എത്തിയ തൂവാന തുമ്പികൾ. സൂപ്പർ ഹിറ്റായ ഈ ചിത്രത്തിൽ മോഹൻലാൽ കഥാപാത്രമായ ജയകൃഷ്ണൻ, സുമലത അവതരിപ്പിച്ച ക്ലാര, പാർവതി അവതരിപ്പിച്ച രാധ എന്നിവർ ഇന്നും മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ നിത്യവസന്തമായി നിൽക്കുകയാണ്. ഇന്നത്തെ തലമുറയിൽ പോലും ഒട്ടേറെ ആരാധകർ ഉള്ള ഒരു സിനിമയും കഥാപാത്രങ്ങളും ആണ് പദ്മരാജൻ 1987 ഇൽ നമ്മുക്ക് മുന്നിൽ എത്തിച്ചത്. ഇപ്പോഴിതാ ഈ ചിത്രം റിലീസ് ചെയ്തു 32 വർഷങ്ങൾ കഴിയുമ്പോഴും തൂവാന തുമ്പികളിലെ കഥാപാത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്.

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വെച്ച് നടന്ന 1980 കളിൽ സിനിമയിൽ എത്തിയ താരങ്ങളുടെ റീയൂണിയനിൽ വെച്ച് മോഹൻലാൽ, പാർവതി, സുമലത എന്നിവർ ഒരുമിച്ചെടുത്ത ഒരു ഫോട്ടോയാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്. ജയകൃഷ്ണനേയും രാധയെയും ക്ലാരയേയും വീണ്ടും ഒരുമിച്ചു കാണാൻ കഴിഞ്ഞ സന്തോഷത്തിൽ ആണ് സിനിമാ പ്രേമികളും ആരാധകരും. ഈ സിനിമയിൽ മോഹൻലാലിന്റെ ഓരോ ഡയലോഗുകളും ഇന്നും സൂപ്പർ ഹിറ്റാണ്. ഇതിനു വേണ്ടി ജോൺസൻ മാഷ് ഒരുക്കിയ പശ്ചാത്തല സംഗീതവും പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ഒരുക്കിയ ഗാനങ്ങളും എല്ലാം ഇന്നും പ്രേക്ഷകർ ഏറെ ഇഷ്ട്ടപ്പെടുന്നവയാണ്.

Advertisement

പദ്മരാജൻ തന്നെ രചനയും നിർവഹിച്ച ഈ റൊമാന്റിക് ക്ലാസിക് തലമുറകളെ അതിജീവിച്ചും മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്റിക് ചിത്രങ്ങളിൽ ഒന്നായി തുടരുകയാണ്. ജയകൃഷ്ണന്റെ മണ്ണാറത്തൊടിയും, ക്ലാരയും രാധയുടെ പ്രണയവും ബാബു നമ്പൂതിരി അവതരിപ്പിച്ച തങ്ങളും അശോകന്റെ റിഷിയും, ജയകൃഷ്ണൻ -ക്ലാര പ്രണയത്തിനു കാവ്യ ഭംഗി കൊടുത്തു പെയ്യുന്ന മഴയുമെല്ലാം ജോൺസൻ മാഷിന്റെ മനസ്സിനെ തൊടുന്ന പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ഇന്നും മലയാളി മനസ്സുകളിൽ നിറയുകയാണ്. ഒരുപക്ഷെ പ്രായഭേദമന്യേ മലയാളികൾ ഇത്രയും സ്നേഹിക്കുന്ന മറ്റൊരു റൊമാന്റിക് ചിത്രമുണ്ടാവില്ല. ഉണ്ടെങ്കിൽ തന്നെ അത് മറ്റൊരു പദ്മരാജൻ ക്ലാസിക് ആയ നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ ആയിരിക്കും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close