എംപുരാൻ ആറ് രാജ്യങ്ങളിൽ; ആവേശമായി ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യാൻ പോകുന്ന മൂന്നാമത്തെ ചിത്രമാണ് എംപുരാൻ. മോഹൻലാൽ നായകനായ ലൂസിഫർ, ബ്രോ ഡാഡി എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന ഈ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ്. മൂന്ന് ഭാഗങ്ങളാണ് ഈ സിനിമ സീരിസിന് ഉള്ളതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. മുരളി ഗോപി രചന നിർവഹിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. ഈ വർഷം ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷൻ ഹണ്ടിലായിരുന്നു പൃഥ്വിരാജ് ഉൾപ്പെടെയുള്ള ഇതിന്റെ അണിയറ പ്രവർത്തകർ. ഇപ്പോഴിതാ ഇതിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പുറത്തു വന്നിരിക്കുകയാണ്.

ഈ വരുന്ന ഓഗസ്റ്റ് പതിനഞ്ച് മുതലാണ് എംപുരാൻ ചിത്രീകരണം ആരംഭിക്കുക. ആറ് മാസത്തോളം നീണ്ട ഇതിന്റെ ലൊക്കേഷൻ ഹണ്ട് ഉത്തരേന്ത്യയിലാണ് അവസാനിച്ചത്. ആറ് രാജ്യങ്ങളിലായാണ് ഈ ചിത്രം ഷൂട്ട് ചെയ്യാൻ പോകുന്നത്. ഇന്ത്യയിൽ ആരംഭിക്കുന്ന ഈ ചിത്രം ആറ് രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് പൂർത്തിയാവുന്നത്. ദക്ഷിണേന്ത്യൻ സിനിമയിൽ തന്നെ ഒരു ചിത്രത്തിന് വേണ്ടി നടത്തിയ ഏറ്റവും വലിയ ലൊക്കേഷൻ തിരയലാണ് എംപുരാനു വേണ്ടി നടത്തിയത് എന്നാണ് സൂചന. പൃഥ്വിരാജ്, ക്യാമറാമാൻ സുജിത് വാസുദേവ്, അസ്സോസിയേറ്റ് സംവിധായകൻ ബാവ, കലാസംവിധായകൻ മോഹൻദാസ് എന്നിവരാണ് ഈ ലൊക്കേഷൻ തിരയലിന്റെ ഭാഗമായത്. മോഹൻലാൽ കൂടാതെ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടോവിനോ തോമസ് എന്നിവരും ഇതിന്റെ താരനിരയിൽ ഉണ്ടാകും. ഹോളിവുഡ് ചിത്രങ്ങളോട് കിട പിടിക്കുന്ന ലൊക്കേഷനുകളും ചിത്രീകരണവുമാണ് ഈ ചിത്രത്തിന് ഉണ്ടാവുക എന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close