മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു; നിർമ്മാണം തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു..!

Advertisement

2008 ഇൽ നടന്ന മുംബൈ ഭീകര ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി എൻ എസ് ജി കമാൻഡോ ആയിരുന്നു മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിത കഥ വെള്ളിത്തിരയിലേക്ക് പകർത്താൻ ഉള്ള ഒരുക്കത്തിലാണ് തെലുങ്കു സിനിമാ ഇൻഡസ്ട്രിയിലെ സൂപ്പർ താരമായ മഹേഷ് ബാബു. സോണി പിക്ചേഴ്സും മഹേഷ് ബാബുവിന്റെ നിർമ്മാണ കമ്പനിയായ ജി മഹേഷ് ബാബു എന്റർടൈൻമെൻറ്സും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മേജർ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ സന്ദീപ് ഉണ്ണികൃഷ്ണന്റെ വേഷം അവതരിപ്പിക്കാൻ പോകുന്നത് അദിതി ശേഷ് ആണ്. സൂപ്പർ ഹിറ്റായ ഗൂഡാചാരി എന്ന സ്പൈ ത്രില്ലെർ ഒരുക്കിയ സാഷി കിരൺ ആണ് ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്.

നയൻ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ സോണി പിക്‌ചേഴ്‌സിന്റെ തെലുങ്കിലെ ആദ്യ നിർമ്മാണ സംരംഭം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. മുംബൈ താജ് ഹോട്ടലിൽ വെച്ച് ഭീകരരെ നേരിടുമ്പോഴാണ് എൻ എസ് ജി കമാൻഡോ സംഘത്തിന്റെ തലവൻ ആയിരുന്ന മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ വീരമൃത്യു വരിച്ചത്. ഹോട്ടലിൽ ഭീകരരുടെ കയ്യിലകപ്പെട്ട പതിനാലു ബന്ദികളെ രക്ഷപ്പെടുത്തിയതിനു ശേഷമാണു മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ മരണത്തിനു കീഴടങ്ങിയത്. മരണാന്തര ബഹുമതിയായി അശോക ചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. 2009 ജനുവരി 26 നു ആണ് ഈ പുരസ്‍കാരം അദ്ദേഹത്തിന് സമർപ്പിക്കപ്പെട്ടത്. തെലുങ്കിന് പുറമെ ഹിന്ദിയിലും ഈ ചിത്രം പുറത്തിറക്കാൻ ആണ് അണിയറ പ്രവർത്തകരുടെ പരിപാടി എന്ന് റിപ്പോർട്ടുകൾ പറയുന്നു. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close