തെന്നിന്ത്യൻ ഭാഷകളിൽ ചിത്രങ്ങൾ നിർമ്മിക്കാൻ മഹേന്ദ്ര സിങ് ധോണി; കൂടുതൽ വിവരങ്ങളിതാ

Advertisement

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലോകകപ്പ് ജേതാവായ നായകനുമായ മഹേന്ദ്ര സിങ് ധോണി സിനിമ നിർമ്മാണ രംഗത്തേക്ക് വരുന്നു എന്ന റിപ്പോർട്ടുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ ആ വാർത്തകൾ ശരിവെക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ദേശീയ മാധ്യമങ്ങളടക്കം പുറത്ത് വിടുന്നത്. എം എസ് ധോണി എന്റർടെയ്ൻമെൻറ്സ് എന്ന തന്റെ പുതിയ സിനിമാ നിർമ്മാണ ബാനറിൽ തെന്നിന്ത്യൻ ചിത്രങ്ങൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ധോണി എന്നുള്ള വിവരമാണ് വരുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാവും ധോണി തന്റെ ചിത്രങ്ങൾ നിർമ്മിക്കുകയെന്നും അതിൽ ആദ്യ തെന്നിന്ത്യൻ ചിത്രം തമിഴിലാണ് ഒരുങ്ങുകയെന്നുമാണ് വിവരം. ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ നായകനായ ധോണിക്ക് ചെന്നൈയുമായി അഭേദ്യമായ ബന്ധമാണുള്ളത്. അത്കൊണ്ടാണ് തെന്നിന്ത്യയിലെ തന്റെ ആദ്യ സിനിമാ നിർമ്മാണ സംരംഭവും തമിഴിൽ ഒരുക്കാൻ ധോണി തീരുമാനിച്ചതെന്നാണ് സൂചന.

ദളപതി വിജയ്‌യെ നായകനാക്കി ആറ്റ്ലി ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ദളപതി 68 ധോണിയാണ് നിർമ്മിക്കാൻ പ്ലാൻ ചെയ്യുന്നതെന്നുള്ള ചില ഊഹാപോഹങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. തന്റെ നിർമ്മാണ ബാനറിൽ ഇതുവരെ മൂന്ന് ചിത്രങ്ങളാണ് ധോണി നിർമ്മിച്ചത്. റോർ ഓഫ് ദി ലയൺ, ദി ഹിഡൻ ഹിന്ദു, ബ്ലേസ്‌ ടു ഗ്ലോറി എന്നിവയാണവ. ധോണിയും ഭാര്യ സാക്ഷിയും ചേർന്നാണ് ഈ ചിത്രങ്ങൾ നിർമ്മിച്ചത്. ഐപിഎലിൽ നിന്നുണ്ടായ രണ്ട് വർഷത്തെ വിലക്കിന് ശേഷം ചെന്നൈ സൂപ്പർ കിംഗ് നടത്തിയ തിരിച്ചു വരവിന്റെ കഥയാണ് റോർ ഓഫ് ദി ലയൺ പറയുന്നതെങ്കിൽ, 2011 ഇൽ ധോണിയുടെ കീഴിൽ ഇന്ത്യ നേടിയ ലോകകപ്പിന്റെ കഥയാണ് ബ്ലേസ്‌ ടു ഗ്ലോറി പറയുന്നത്. ആകാശ് ഗുപ്ത എന്ന രചയിതാവിന്റെ പുസ്തകത്തെ ആസ്പദമാക്കി ഒരുക്കിയ മിത്തോളജിക്കൽ ത്രില്ലറാണ് ദി ഹിഡൻ ഹിന്ദു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close