ഞാൻ വീട്ടിൽ വന്നു കേറിയപ്പോൾ ഭാര്യയും മകനും ഇരുന്നു ചുരുളി കാണുന്നു; അനുഭവം വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ..!

Advertisement

എസ് ഹരീഷിന്റെ രചനയിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്ന ചിത്രം കഴിഞ്ഞ മാസമാണ് റിലീസ് ചെയ്തത്. നടൻ ചെമ്പൻ വിനോദും ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം വലിയ വിവാദമാണ് കേരളത്തിൽ ഉണ്ടാക്കിയത്. ചിത്രത്തിന്റെ ആദ്യം മുതൽ അവസാനം വരെ നിറഞ്ഞു നിന്ന തെറികൾ ആണ് വിവാദത്തിനു കാരണമായത്. പതിനെട്ടു വയസ്സിനു മുകളിൽ ഉള്ളവർക്ക് കാണാൻ എന്ന നിർദേശത്തോടെയാണ് സോണി ലൈവ് എന്ന ഒറ്റിറ്റി പ്ലാറ്റ്‌ഫോമിൽ ചിത്രം റിലീസ് ആയതു. പക്ഷെ ചിത്രം കണ്ടവർ പ്രശംസയോടൊപ്പം തന്നെ വലിയ വിമർശനങ്ങളും ഉയർത്തി. സദാചാരത്തെ ഹനിക്കുന്നതാണ് ചിത്രമെന്നും സംസ്കാരത്തെ മാനിക്കാത്ത പ്രവർത്തിയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചെയ്തത് എന്നും വിമർശകർ ആരോപിച്ചു. ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, ജോജു ജോർജ്, സൗബിൻ ഷാഹിർ തുടങ്ങി ഒട്ടേറെ താരങ്ങൾ ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. എല്ലാവരും വലിയ രീതിയിൽ തന്നെ തെറി പദങ്ങൾ ഉപയോഗിക്കുന്ന സീനുകളും ചിത്രത്തിന്റെ തുടക്കം മുതൽ അവസാനം വരെയുണ്ട്. ഇപ്പോഴിതാ ഈ ചിത്രം തന്റെ ഭാര്യയും മകനും കണ്ടപ്പോൾ ഉള്ള അനുഭവം പങ്കു വെക്കുകയാണ് കുഞ്ചാക്കോ ബോബൻ.

ചെമ്പൻ വിനോദ് രചിച്ചു അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴി എന്ന ചിത്രത്തിന്റെ പ്രമോഷണൽ പരിപാടിയിൽ മനോരമയിൽ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ. താൻ ഗോവയിൽ നിന്ന് ഷൂട്ട് കഴിഞ്ഞു രാത്രി വീട്ടിൽ എത്തുമ്പോഴാണ് ഭാര്യ പ്രിയയും മകനും കൂടി മൊബൈലിൽ ചുരുളി കാണുന്നത് കണ്ടതെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. എന്നാൽ പ്രിയ വളർന്നത് അബുദാബിയിൽ ആയതു കൊണ്ട് തന്നെ മലയാളത്തിലെ തെറി വാക്കുകൾ ഒന്നും തന്നെ പ്രിയക്ക് അറിയില്ല എന്നും, പ്രിയ കരുതിയത് ചുരുളിയിൽ ഉപയോഗിക്കുന്ന ഭാഷ ഏതോ ട്രൈബൽ ഭാഷ ആണെന്നുമാണ് എന്നുമാണ് കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയത്. മകനാവട്ടെ ചിത്രത്തിലെ ഭാഷയെക്കാളും ശ്രദ്ധിച്ചത് അതിന്റെ ക്ളൈമാക്സില് കണ്ട പറക്കുന്ന ജീപ്പ് ആണെന്നും ചാക്കോച്ചൻ പറയുന്നു. ആ ജീപ്പ് വാങ്ങി തരണമെന്ന് മകൻ വാശി പിടിച്ച കാര്യവും ചാക്കോച്ചൻ രസകരമായി പറയുന്നുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close