വല്ലവരേം കൊണ്ട് കുഴിയിൽ ചാടിക്കണ്ട എന്ന് കരുതിയാണ് ആ ചിത്രം ഞാൻ കൂടി ചേർന്ന് നിർമ്മിച്ചത്; വെളിപ്പെടുത്തി ജീത്തു ജോസഫ്..!

Advertisement

ഇന്ന് മലയാളത്തിലെ ഏറ്റവും പ്രശസ്തരായ സംവിധായകരിൽ ഒരാളാണ് ജീത്തു ജോസഫ്. മൈ ബോസ്, മെമ്മറീസ് തുടങ്ങിയ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചെങ്കിലും ജീത്തു ജോസഫിനെ ഇന്ത്യ മുഴുവൻ പ്രശസ്തനാക്കിയത് മോഹൻലാൽ നായകനായ ദൃശ്യം എന്ന ചിത്രമാണ്. മലയാള സിനിമയിൽ ആദ്യമായി അമ്പതു കോടി കളക്ഷൻ നേടിയ ചിത്രമായി മാറിയ ദൃശ്യം പിന്നീട് ആറോ-ഏഴോ ഭാഷകളിലേക്ക് ആണ് റീമേക്ക് ചെയ്തത്. അതിൽ തമിഴ് വേർഷൻ ജീത്തു തന്നെയാണ് കമൽ ഹാസനെ നായകനാക്കി ഒരുക്കിയത്. അതിനു ശേഷം ദൃശ്യം 2 എന്ന ചിത്രം കൂടി വന്നു ആഗോള തലത്തിൽ മഹാവിജയം നേടിയതോടെ ജീത്തു ജോസഫ് എന്ന സംവിധായകന്റെ മൂല്യം പതിന്മടങ്ങായി ഉയർന്നു. ഇതിനിടയിൽ ഹിന്ദിയിലും തമിഴിലും ചിത്രങ്ങൾ ചെയ്ത ജീത്തു ദൃശ്യം 2 ന്റെ തെലുങ്കു റീമേക്കും ഒരുക്കി. ഇനി മോഹൻലാൽ നായകനായ ട്വൽത് മാൻ, റാം എന്നിവയാണ് ജീത്തു ഒരുക്കി പുറത്തു വരാനുള്ള ചിത്രങ്ങൾ. എന്നാൽ ത്രില്ലർ ചിത്രങ്ങളുടെ മാത്രം സംവിധായകനായി അറിയപ്പെടാൻ തനിക്കു താല്പര്യമില്ലെന്നും വ്യത്യസ്ത തലത്തിലുള്ള ചിത്രങ്ങൾ ഒരുക്കണമെന്നുമാണ് ആഗ്രഹമെന്നും ജീത്തു പറയുന്നു.

അങ്ങനെ ഒരു ആഗ്രഹത്തിന്റെ പുറത്താണ് മിസ്റ്റർ ആൻഡ് മിസ് റൗഡി എന്ന ചിത്രം ചെയ്തത് എന്നും ഏറെ നാളുകൾക്കു ശേഷം താൻ ഏറെ റിലാക്സ് ആയും ഏറെ സന്തോഷത്തോടെയും ഷൂട്ട് ചെയ്ത ചിത്രമാണ് അതെന്നും ജീത്തു പറയുന്നു. ഒരു വലിയ വിജയമൊന്നും ആ ചിത്രം നേടിയില്ല എങ്കിലും തനിക്കു മനസ്സ് കൊണ്ട് ആ ചിത്രം ഇഷ്ടമാണെന്നും ജീത്തു പറഞ്ഞു. എന്നാൽ നമ്മുടെ സന്തോഷത്തിനു വേണ്ടി അത്തരം റിസ്ക് ഉള്ള ഒരു പടം ചെയ്തു മറ്റുള്ളവരെ കൊണ്ട് കുഴിയിൽ ചാടിക്കാൻ പറ്റില്ല എന്നത് കൊണ്ടാണ്, ആ ചിത്രം താനും കൂടി ചേർന്ന് നിർമ്മിച്ചത് എന്നും ജീത്തു പറയുന്നു. ഇനിയങ്ങോട്ടും ഇങ്ങനെ വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങൾ ചെയ്യാൻ ആണ് തീരുമാനമെന്നും തന്നെ ത്രില്ലർ സംവിധായകൻ എന്ന് ബ്രാൻഡ് ചെയ്യപ്പെടാൻ അനുവദിക്കില്ല എന്നും ജീത്തു വെളിപ്പെടുത്തി. ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫിന്റെ ഈ തുറന്നു പറച്ചിൽ.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close