മരക്കാർ തിയേറ്ററിൽ എത്തിക്കാനുള്ള ശ്രമം തുടരും; മോഹൻലാലിനെ നേരിട്ട്കാണും; വെളിപ്പെടുത്തി നിർമ്മാതാവ്..!

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം രണ്ടു വർഷമായി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, തീയേറ്റർ റിലീസിന് വേണ്ടി ഹോൾഡ് ചെയ്തു വെച്ചിരിക്കുന്ന ചിത്രമാണിത്. മലയാള സിനിമയിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായ മരക്കാരിനു വേണ്ടി എൺപതു കോടിയോളമാണ് നിർമ്മാതാവ് മുടക്കിയിരിക്കുന്നത്. എന്നാൽ ഇനിയും ഈ ചിത്രം കയ്യിൽ വെച്ച് കൊണ്ടിരിക്കാൻ പറ്റാത്ത അവസ്ഥ ആണുള്ളത് എന്നും, മുടക്കു മുതൽ എങ്കിലും തിരിച്ചു പിടിക്കാൻ പാകത്തിന് തീയേറ്ററുകൾ റിലീസ് വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിന് വിൽക്കേണ്ടി വരും എന്നും ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു. എന്നാൽ മരക്കാർ തീയേറ്ററിൽ തന്നെ കളിക്കണം എന്ന നിലപട് ആണ് തീയേറ്റർ അസോസിയേഷന് ഉള്ളത്. പക്ഷെ നിർമ്മാതാക്കളും വിതരണക്കാരും ആന്റണി പെരുമ്പാവൂരിനു ഒപ്പമാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ ഫിലിം ചേംബർ മീറ്റിംഗ് കഴിഞ്ഞുള്ള തീരുമാനം മാധ്യമങ്ങളെ അറിയിക്കുകയാണ് നിർമ്മാതാക്കളുടെ സംഘടനകളുടെ തലപ്പത്തുള്ള ജി സുരേഷ് കുമാർ.

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുവാനുള്ള ശ്രമങ്ങൾ തുടരുമെന്നും മോഹൻലാലിനെയും നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയും കാണുമെന്നും സുരേഷ് കുമാർ പറയുന്നു. മരക്കാർ ഇതുവരെ ഏതെങ്കിലും ഒരു ഒടിടി പ്ലാറ്റ്‌ഫോമിന് നൽകിയതായി തന്റെ അറിവിൽ ഇല്ല എന്നും അങ്ങനെ ചെയ്താൽ പിന്നീട് സിനിമ തിയേറ്ററിൽ പ്രദർശിപ്പിക്കില്ല എന്നാണ് ഫിലിം ചേംബറിന്റെ തീരുമാനം എന്നും അദ്ദേഹം അറിയിച്ചു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത്. നിർമ്മാതാവിന് മുടക്കു മുതൽ തിരിച്ചു പിടിക്കാൻ എന്തെങ്കിലും അവസരം നൽകുന്ന നിലയിൽ ഉള്ള വ്യവസ്ഥകൾക്കു തീയേറ്റർ ഉടമകൾ പച്ചക്കൊടി കാണിക്കാതെ, ചിത്രം അമ്പതു ശതമാനം ആളുകളെ മാത്രം കയറ്റി റിലീസ് ചെയ്യാനാവില്ല എന്നും, പ്രതിസന്ധിയിൽ അകപ്പെട്ടു നിൽക്കുന്ന നിർമ്മാതാവിന് ആയിരിക്കും പൂർണ്ണ പിന്തുണ എന്നും നിർമ്മാതാക്കളും വിതരണക്കാരും അറിയിച്ചിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close