സൂര്യ- ശിവ ചിത്രം 1000 വർഷങ്ങൾക്ക് മുൻപേ നടക്കുന്ന കഥ; കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എഡിറ്റർ

Advertisement

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി ശിവ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഇപ്പോൾ പുരോഗമിക്കുകയാണ്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ മാസ്സ് ആക്ഷൻ ഫാന്റസി ഡ്രാമ ത്രീഡിയിൽ കൂടിയാണ് ഒരുക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് മലയാളിയും ഇതിന്റെ എഡിറ്ററുമായ നിഷാദ് യൂസഫ്. ആയിരം വർഷങ്ങൾക്ക് മുമ്പേ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നതെന്നും, അതിനൊപ്പം വർത്തമാന കാലവും ഷൂട്ട് ചെയ്യുന്നുണ്ടെന്നും നിഷാദ് പറയുന്നു. സൂര്യയുടെ ഇന്ററോഡക്ഷൻ അടക്കമുള്ള ഭാഗങ്ങൾ ആദ്യ ഷെഡ്യൂളിൽ ഷൂട്ട് ചെയ്തെന്നും, ഇനിയുള്ള ഭാഗങ്ങൾ വമ്പൻ ആക്ഷൻ ഉൾപ്പെട്ട സീനുകൾ ആണെന്നും നിഷാദ് വെളിപ്പെടുത്തി.

അടുത്ത ഷെഡ്യൂൾ ശ്രീലങ്കയിൽ ആയിരിക്കുമെന്നാണ് കേട്ടതെന്നും, കൂടുതൽ ഷൂട്ടും ഇനി അവിടുള്ള വനാന്തരങ്ങളിൽ ആയിരിക്കുമെന്നും നിഷാദ് യൂസഫ് പറഞ്ഞു. സൂര്യയെ കാണാനുള്ള ഭാഗ്യം ഉണ്ടായി എന്നും, കണ്ട ഉടനെ, നിഷാദ് എഡിറ്റ് ചെയ്ത ടോവിനോ ചിത്രം തല്ലുമാല കണ്ട കാര്യം സൂര്യ പറഞ്ഞെന്നും നിഷാദ് യൂസഫ് ഓർത്തെടുക്കുന്നു. തല്ലുമാല, ഓപ്പറേഷൻ ജാവക്ക് ശേഷം തരുൻ മൂർത്തി ഒരുക്കിയ സൗദി വെള്ളക്ക, അജഗജാന്തരത്തിനു ശേഷം ടിനു പാപ്പച്ചൻ ഒരുക്കിയ ചാവേർ എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയതിന് ശേഷമാണ് നിഷാദ് യൂസഫ് ഈ സൂര്യ- ശിവ ചിത്രത്തിൽ ജോയിൻ ചെയ്തത്. സൂര്യയുടെ 42 ആം ചിത്രമായി ഒരുക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് പ്രശസ്ത ബോളിവുഡ് താരസുന്ദരിയായ ദിശ പട്ടാണി ആണ്. യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close