അത് ഫാസിലിന്റെ ആ മമ്മൂട്ടി ചിത്രത്തിന്റെ കഥയാണ്; ബാഹുബലിയുടെ രചയിതാവ് വെളിപ്പെടുത്തുന്നു…!

Advertisement

ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ച ചിത്രങ്ങൾ ആയിരുന്നു എസ് എസ് രാജമൗലി തെലുങ്കിൽ ഒരുക്കിയ ബാഹുബലി സീരിസ്. ആ ചിത്രത്തിന് തിരക്കഥ രചിച്ചത് രാജമൗലിയുടെ അച്ഛൻ കൂടിയായ കെ വി വിജയേന്ദ്ര പ്രസാദ് ആയിരുന്നു. ബജ്‌രംഗി ഭായിജാൻ പോലത്തെ വമ്പൻ ഹിറ്റുകൾ ഹിന്ദിയിലും രചിച്ചിട്ടുള്ള അദ്ദേഹം തന്നെയായാണ് ഇനി റിലീസ് ചെയ്യാൻ പോകുന്ന ബ്രഹ്മാണ്ഡ രാജമൗലി ചിത്രം ആർ ആർ ആർ ന്റെ കഥയും രചിച്ചിരിക്കുന്നത്. ദളപതി വിജയ് നായകനായ മെർസൽ, കങ്കണ നായികയായ മണികര്ണിക എന്നിവയും രചിച്ച അദ്ദേഹം തിരക്കഥ രചനാ രംഗത്ത് ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിലകൂടിയ കലാകാരന്മാരിൽ ഒരാളാണ്. രാജമൗലിയുടെ രണ്ടാമത്തെ ചിത്രമായ സിംഹാദ്രി മുതൽ സയ്, ഛത്രപതി, വിക്രമർകുടു, യമദൊങ്ക, മഗധീര, ഈഗ, ബാഹുബലി സീരിസ്, ആർ ആർ ആർ വരെയുള്ള ചിത്രങ്ങളുടെ കഥ രചിച്ചതും വിജയേന്ദ്ര പ്രസാദ് ആണ്. എന്നാൽ ഇപ്പോൾ വിജയേന്ദ്ര പ്രസാദ് പറയുന്നത് ബജ്‌രംഗി ഭായിജാൻ എന്ന തന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ കഥ യഥാർത്ഥത്തിൽ താൻ ഒരു ഫാസിൽ ചിത്രത്തിന്റെ കഥയിൽ നിന്നും വികസിപ്പിച്ചത് ആണെന്നാണ്.

മമ്മൂട്ടിയെ നായകനാക്കി ഫാസിൽ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത പൂവിനു പുതിയ പൂന്തെന്നൽ എന്ന ചിത്രം 1986 ലാണ് റിലീസ് ചെയ്തത്. മലയാളത്തിൽ ആ ചിത്രം പരാജയപെട്ടു പോയെങ്കിലും , സത്യരാജ് അഭിനയിച്ച അതിന്റെ തമിഴ് റീമേക്കും ചിരഞ്ജീവി അഭിനയിച്ച അതിന്റെ തെലുങ്കു റീമേക്കും മികച്ച വിജയം നേടി. അതിന്റെ പ്രമേയം തന്നെ വല്ലാതെ ആകർഷിച്ചിരുന്നു എന്നും അതിൽ നിന്നാണ് താൻ ബജ്‌രംഗി ഭായിജാന്റെ കഥ രൂപപ്പെടുത്തിയത് എന്നുമാണ് വിജയേന്ദ്ര പ്രസാദ് പറയുന്നത്. താൻ ഈ കാര്യം ഫാസിലിനോട് നേരിട്ട് പറഞ്ഞിട്ടുണ്ട് എന്നും വിജയേന്ദ്ര പ്രസാദ് വെളിപ്പെടുത്തുന്നു. ഇതിന്റെ കഥ ആദ്യം രാജമൗലിയോട് ആണ് പറഞ്ഞത് എങ്കിലും ബാഹുബലിയുടെ തിരക്കിലായിരുന്ന രാജമൗലി അന്നത് ചെയ്യാൻ താല്പര്യം കാണിച്ചില്ല. എന്നാൽ പിന്നീട് ഈ ചിത്രം കണ്ടപ്പോൾ രാജമൗലിക്കു നഷ്ടബോധം തോന്നി എന്നും ബാഹുബലിയുടെ തിരക്കിന്റെ സമയത്തല്ല ആ കഥ തന്നോട് പറഞ്ഞിരുന്നത് എങ്കിൽ താനത് നഷ്ട്ടപെടുത്തില്ലായിരുന്നു എന്ന് രാജമൗലി പറഞ്ഞ കാര്യവും വിജയേന്ദ്ര പ്രസാദ് പറയുന്നുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close